National
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകളും പ്രത്യേക പാക്കേജും ഉറ്റുനോക്കി കേരളം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജും ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ്, ശബരി റെയില്‍ തുടങ്ങിയ പദ്ധതികളും ഇത്തവണ അംഗീകരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും മൂലം ഉണ്ടായ 21,000 കോടിയുടെ വരുമാന കമ്മി നികത്താന്‍ പ്രത്യേക 'ഫിസ്കല്‍ കറക്ഷന് പാക്കേജ്' കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍, ഇത്തവണ ബജറ്റില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാനം.
റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തണമെന്നും റബര്‍ ബോര്‍ഡിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബിനുള്ള ആനുകൂല്യങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്ക് മതിയായ തുക വകയിരുത്തണമെന്നത് സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക കേന്ദ്ര പദ്ധതിയും സംസ്ഥാനം ഉറ്റുനോക്കുന്നു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വലിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ വിജയകരമായ നടപ്പാക്കലിന് കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും ഇളവ് അനിവാര്യമാണ്. 16ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
റെയില്‍വേ വികസനം, സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി, കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര നിലപാട് ഇന്നറിയാം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ഇന്ന് വ്യക്തമാകും.
Business
ഇന്ത്യൻ സാമ്പത്തിക രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026ലെ കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമല സീതാരാമനെ കാത്തിരിക്കുന്നത് അപൂർവമായ നേട്ടങ്ങൾ. ഇന്ത്യൻ ബജറ്റ് ചരിത്രത്തിലെ ചില കൗതുകങ്ങളും റിക്കാർഡുകളും ഇങ്ങനെ.
1. ചരിത്രപരമായ ഒമ്പതാം ബജറ്റ്
2019ൽ ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ, നാളെ അവതരിപ്പിക്കുന്നത് തന്റെ ഒമ്പതാമത്തെ ബജറ്റാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയധികം തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന റിക്കാർഡ് ഇതോടെ നിർമല സീതാരാമനു സ്വന്തമാകും. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായിട്ടായിരുന്നില്ല. എന്നാൽ, തുടർച്ചയായി ഇത്രയധികം തവണ ബജറ്റ് അവതരിപ്പിച്ച ഏക ധനമന്ത്രി എന്ന ബഹുമതി ഇതോടെ അവർക്കു സ്വന്തമാകും.
2. ആദ്യ പൂർണസമയ വനിതാ ധനമന്ത്രി
ഇന്ത്യൻ ബജറ്റ് അവതരണത്തിൽ വനിതാ സാന്നിധ്യം നേരത്തെയും ഉണ്ടായിട്ടുണ്ട്. 1970ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനമന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പൂർണസമയ വനിതാ ധനമന്ത്രി എന്ന പദവിയിൽ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നത് നിർമല സീതാരാമൻ മാത്രമാണ്.
3. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിലവിൽ നിർമല സീതാരാമന്റെ പേരിലാണ്. 2020 ഫെബ്രുവരി ഒന്നിന് രണ്ട് മണിക്കൂർ 42 മിനിറ്റ് നീണ്ട പ്രസംഗമാണ് അവർ നടത്തിയത്. ശാരീരിക അസ്വസ്ഥതകൾ മൂലം അവസാന രണ്ട് പേജുകൾ വായിക്കാതെയാണ് അന്ന് അവർ പ്രസംഗം അവസാനിപ്പിച്ചത്.
4. പാരമ്പര്യത്തിൽനിന്ന് മാറ്റത്തിലേക്ക്
ബ്രിട്ടീഷ് ഭരണകാലം മുതൽ തുടർന്നുപോന്ന പല കീഴ്വഴക്കങ്ങളും നിർമല സീതാരാമൻ തിരുത്തിക്കുറിച്ചു. ബജറ്റ് രേഖകൾ സൂക്ഷിക്കുന്ന 'ബ്രിട്ടീഷ് ബ്രീഫ്കേസിന്' പകരം ചുവന്ന തുണിയിൽ പൊതിഞ്ഞ 'ബഹി ഖാത' (Bahi Khata) കൊണ്ടുവന്നതും പിന്നീട് അത് പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ടാബ്ലറ്റിൽ അവതരിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്താണ്.